പരിയേറും പെരുമാൾ : ജാതി, രാഷ്ട്രീയം, വരികൾ.

Contains Spoilers.

ജാതി പറയുന്ന, ജാതീയത പറയുന്ന സിനിമയാണ് പരിയേറും പെരുമാൾ. കേന്ദ്രകഥാപാത്രത്തിന്റെ പേരു തന്നെയാണ് സിനിമക്കും. അതൊരു ‘സാമി പേരാണെങ്കിൽ’ പോലും ആ പേരിന്റെ അർത്ഥമെന്തെന്ന് ആ സമൂഹത്തിൽ ഉള്ള മറ്റുള്ളവർക്ക് തന്നെ തിരിച്ചറിയുന്നില്ല. സമൂഹത്തിൽ നിന്ന് അത്രക്ക് മാറി നിൽക്കുന്ന, അകന്നിരിക്കുന്ന, ചരിത്രമോ മിത്തുകളോ അടയാളപ്പെടുത്താത ഒരു വർഗ്ഗത്തിൽ നിന്നാണ് കേന്ദ്രകഥാപാത്രം വരുന്നത്. അത് തന്നെയാണ് സിനിമ പറയുന്ന രാഷ്ട്രീയവും.

1. ആരംഭം

ആദ്യഷോട്ടിൽ നമ്മൾ കാണുന്നത് ഒരു പട്ടിയെ (കറുപ്പി) ആണ്. പിന്നീട് ഒരു ട്രെയിൻ. അതിനു ശേഷം പട്ടിയുടെ ഉടമസ്ഥനും സുഹൃത്തുക്കളേയും കാണിക്കുന്നു. നട്ടുച്ചക്ക്, കൊടും ചൂടിൽ അവർ വരണ്ട് കിടക്കുന്ന പ്രദേശത്തെ ‘മരുപ്പച്ചയിൽ’ കുളിക്കുകയാണ്. ഇത് ഇഷ്ടമല്ലാത്ത ‘മുതലാളികൾ’ അവരെ പാഠം പഠിപ്പിക്കാൻ കറുപ്പിയെ റെയിൽപാളത്തിൽ കെട്ടി വയ്ക്കുന്നു. ട്രൈൻ വരുന്നു. പരിയൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനാവാതെ കറുപ്പി മരിക്കുന്നു.

ഈ ഷോട്ടിൽ ത്നെ സിനിമയുടെ കഥ, കേന്ദ്ര കഥാപാത്രത്തിന്റെ അവസ്ഥ പൂർണ്ണമായും വരച്ച് കാണിക്കാൻ സംവിധായകനു സാധിക്കുന്നു. കറുപ്പിയോടല്ല പ്രതികാരം, അവരെ കണ്ട് ഭയന്ന് മാറിനടന്നവനാണ് കറുപ്പിയുടെ ഉടമയായ പരിയൻ. എന്നിട്ടും കറുപ്പി ഇരയാവുന്നു. മുതലാളികളായി അധികാരമുള്ളവനും, സിസ്റ്റമായി ആ തീവണ്ടിയും മാറുമ്പോൾ കറപ്പിയുടെ സ്ഥാനത്ത് മരുപ്പച്ച തേടി പോവുന്ന ഏതൊരു ദളിതനും വരാമെന്ന അവസ്ഥ കാണിക്കുന്നു.

അതിനു ശേഷം വരുന്ന പാട്ടിലെ വരികൾ — “നീയാ ഇല്ല നാനാ, നാനാ ഇല്ല നീയാ” എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. വ്യക്തമായ രാഷ്ട്രീയം.

2. താത്താ മെസ്ത്രി

മെസ്ത്രി കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെടുന്ന സീൻ തീർത്തും സിനിമാറ്റിക്ക് ആണ് — അപ്രതീക്ഷിതമായ രീതിയിലെ കൊലപാതകത്തിലൂടെ കാണിയുടെ മുന്നിൽ ഒരു ‘പ്രൊഫഷണൽ കില്ലർ’ മാത്രമായി വരുന്ന ഈ കഥാപാത്രത്തിൽ യുവതിയെ ഞെരിച്ച് കൊല്ലുമ്പോൾ ഒരു സൈക്കോപാത്തിനെ കാണി കണ്ട് തുടങ്ങുന്നു. ക്ലൈമക്സിലാണ് അയാൾ ഒരു ‘സോഷ്യോ-സൈക്കോപാത്ത്’ ആണെന്നും അയാളെ അങ്ങനെ ആക്കുന്നത് ‘ജാതി’ എന്ന വിഷമാണെന്നും കാണികൾക്ക് ബോധ്യമാവുന്നത്. അതിനിടയിൽ പരിയന്റെ ജാതി അറിഞ്ഞ മേസ്ത്രി ബസ് സീറ്റിൽ നിന്നും എഴുനേറ്റ് നിൽക്കുന്നതും കഥാപാത്രത്തിന്റെ ചിന്ത കൃത്യമായി കാണിക്കുന്നു. വില്ലനു തെറ്റായ പൊളിറ്റിക്സ് വ്യക്തമായി, Let’s call a spade a spade രീതിയിൽ പറയുന്നു സിനിമ.

സമൂഹത്തിനു ഉള്ളിൽ തന്നെ ജീവിക്കുന്ന, ജോലിയും കൂലിയും നാട്ടുകാരിൽ നിന്ന് ബഹുമാനവും കിട്ടുന്ന ഒരാളാണ് ജാതിവെറി കാരണം അന്യജാതി പ്രണയ ബന്ധങ്ങളിലെ കമിതാക്കളെ കൊന്ന് കുടുംബ മാനം കാക്കാനിറങ്ങുന്നത്. അതും സൗജന്യമായി, കുലദൈവത്തിനുള്ള കുരുതിയായി ആ കൊലയെ കണ്ടുകൊണ്ട്. ആ വെറി തന്നെയാണ് സിനിമയുടെ അവസാനം അയാളുടെ ആത്മഹത്യയിലേക്ക് എത്തിക്കുന്നതും.

— വരികളിലേക്ക് പോവുമ്പോൾ “അങ്ക സത്തത് യാരെന്ന് അവന്ക്ക് താൻ പുരിയും”.

3. പരിയനും അച്ഛനും

സമൂഹം എങ്ങനെ ജാതിയത കാണുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് ജാതി ആളുകളെ എങ്ങനെ കണ്ടീഷൻ ചെയ്യുന്നു എന്നത്. പുളിയങ്കുളത്തുകരനാണെന്ന് പറയുമ്പോൾ തന്നെ ജാതി മനസിലാക്കി ചിരിക്കുന്ന സീനിയർസ്, അതിൽ തലകുനിക്കുന്ന പരിയൻ, ഊരുപേരു കേട്ട് സീറ്റിൽ നിന്ന് മാറി നിൽക്കുന്ന മെസ്ത്രി എന്നിവരെ പോലെ തന്നെ പരുമാറുന്ന ഒരാളാണ് പരിയൻ. ഒരേ സമയത്ത് സിസ്റ്റത്തിന്റെ കണ്ടീഷനിങ്ങിനു വിധേയരായവരും ഇരയും ആണ് പരിയനും അച്ഛനും. മറ്റൊരു അച്ഛനെ കൊണ്ടുവന്ന് മകൻ ആൾമാറാട്ടം ചെയ്തു എന്ന് പറയുമ്പോൾ അതിൽ അച്ഛനും ഒരു തെറ്റ് കാണുന്നില്ല. തന്റെ ജോലിയെ പറ്റി സമൂഹത്തിനുള്ള കാഴ്ചപ്പാട് അയാൾക്കും അറിയാം. അത് മാറ്റാൻ ശ്രമിക്കമെങ്കിൽ മരിച്ച് ജനിക്കണമെന്നും അയാൾക്കറിയാം.

വരികളിലേക്ക് പോവുമ്പോൾ “രണ്ട് കാലിലോ നാല് കാലിലൊ ഇന്ത മണ്ണിലേ ഉലവിട്ട് കിടക്ക നായില്ലടി നീ, നാൻ ഇന്നയാ നീ “ എന്ന് പാടുന്നു; പിന്നീട് ക്ലൈമാക്സിലെ ഡയലോഗിൽ “നീങ്കെ നീങ്കളാ ഇരുക്കിരെ വരക്കും നാൻ നായതാ ഇരുക്കനോം എതിർപാർക്കെ വരക്കും ഇങ്കെ എതുവുമേ മാരെലേ, അപ്പടിയതാ ഇരുക്കും” എന്ന് പറയുന്നു!

ഈ ഭൂമിയിൽ നിനക്കും ജീവിക്കാമെന്നും, നീ ഞാൻ തന്നെയല്ലേയെന്നും ചോദിക്കുന്നവനാണ് തന്നെ ഈ ഭൂമിയിൽ നിങ്ങൾ എന്നെ നായ ആയി മാത്രമാണ് കാണുന്നതെന്ന് പറയുന്നത്. സിനിമയോളം തന്നെ രാഷ്ട്രീയ വായനകൾക്ക് സാധ്യത നൽകുന്നുണ്ട് പാട്ടുകളും.

4. അവസാനം

ജാതിയതയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ച ശേഷം ഒരു സമത്വസുന്ദര ലോകം സ്വപ്നം കാണുന്നില്ല സംവിധായകൻ. പറയനുള്ളത് കേൾക്കാൻ നിന്ന് തരാൻ തന്നെ അധ്വാനിക്കേണ്ടി വരുന്നവന്റെ അവസ്ഥയും, മാറേണ്ടത് സമൂഹത്തിന്റെ മനസ്സാക്ഷിയാണെന്നും അടിവരയിട്ട് നേരിട്ട് പറഞ്ഞ് നിർത്തുന്നു സംവിധായകൻ. പറയാനുള്ളത്ത് പറഞ്ഞെന്ന് പരിയൻ വാദിക്കുമ്പോഴും ‘ജോ’യോട് അതെല്ലാം പറയാൻ സാധിച്ചില്ലെന്നും, ‘ദേവതകൾ’ ഇതൊന്നും അറിയാതെയാണ് ചിരിച്ചിരിക്കുന്നതെന്നും പറഞ്ഞ് നിർത്തുന്നു സിനിമ.

രണ്ട് ജാതിയിൽ പെട്ട പരിയനും ‘ജോ’യുടെ അച്ഛനും (ഇരയും വില്ലനും) ഒരുമിച്ച് ഇരിക്കുന്നു. അവർക്ക് രണ്ട് പേർക്കും ഇഷ്ടപ്പെട്ട ചായ ഏതെന്നറിയുന്ന ജോ ആണ് അവർക്ക് വേണ്ട ചായ വാങ്ങി കൊടുക്കുന്നത്. രണ്ട് തരം ചായ ആണെങ്കിലും അത് നൽകുന്നത് ഒരേ തരം ഗ്ലാസിലാണ്. (ജാതിക്കനുസരിച്ച് ചില്ലുഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസിൽ രീതി സിനിമയിൽ കാണിക്കുന്നുണ്ട്) Freedom of choice and equality യുടെ രാഷ്ട്രീയം പറഞ്ഞ് സിനിമ അവസാനിക്കുമ്പോൾ സംഗീതം ഒഴുകുയെത്തുന്നു -“വാ റെയിൽ വിട പോലാമാ”

ആദ്യം പറഞ്ഞ, സിസ്റ്റം എന്ന തീവണ്ടി ഓടിക്കാൻ അവനെ ക്ഷണിക്കുന്നു !

Designer. Maker. Type Designer. UI/UX Guy. Believes in Lord Dinkan & Oldmonk. Currently leading Designs at Kaleyra.

Designer. Maker. Type Designer. UI/UX Guy. Believes in Lord Dinkan & Oldmonk. Currently leading Designs at Kaleyra.